പകര്‍ച്ചവ്യാധി ഭീതി: ഉണ്ണികുളത്ത് കര്‍ശന നടപടികള്‍ തുടങ്ങി - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

പകര്‍ച്ചവ്യാധി ഭീതി: ഉണ്ണികുളത്ത് കര്‍ശന നടപടികള്‍ തുടങ്ങി


എകരൂല്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ആരോഗ്യവകുപ്പധികൃതരും ഗ്രാമപ്പഞ്ചായത്തുംചേര്‍ന്ന് മിന്നല്‍പ്പരിശോധന നടത്തി.

പൂനൂരില്‍ നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത കുടുസുമുറികളിലും കെട്ടിടങ്ങളിലുമാണ്. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.

പഞ്ചായത്തില്‍ മുഴുവന്‍ പരിശോധനനടത്തി സൗകര്യങ്ങള്‍ വിലയിരുത്തി കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് പറഞ്ഞു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ കരിയാത്തന്‍കാവ് അങ്ങാടിയില്‍ ആരോഗ്യ വകുപ്പധികൃതര്‍ പരിശോധന നടത്തി. കടകളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകള്‍, പുകയില എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ബേക്കറി, കൂള്‍ബാറുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പഴകിയഭക്ഷ്യവസ്തുക്കള്‍, പാല് എന്നിവ സൂക്ഷിച്ചതിനും വില്പന നടത്തിയതിനും ഏഴായിരത്തോളം രൂപ പിഴയിട്ടു.

ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. ലത പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. ലത, കെ.കെ. പ്രവീണ്‍, കെ. രാജേഷ്, സിജു കേളോത്ത്, ടി.എം. റഷീദ്, സജീവന്‍, സജിത്കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar