HISTORY

 PSCUDEVARTHA
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി താലൂക്കില്‍ ബാലുശ്ശേരി ബ്ലോക്ക് പരിധിയില്‍ ഉണ്ണികുളം, ശിവപുരം വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത്‌ ആണ് ഉണ്ണികുളം. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 38.26 ചതുരശ്ര കിലോമീറ്റര്‍ ആണ്. കോഴിക്കോട് ജില്ലയിലെ ജനസാന്ദ്രതകൊണ്ടും ഭൂവിസ്ത്രിതി കൊണ്ടും ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉണ്ണികുളം

പഞ്ചായത്തിന്റെ ആസ്ഥാനമായ എകരൂല്‍ അങ്ങാടിക്കു സമീപം ഉണ്ണിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അതുപോലെ ഉണ്ണിക്കുളം എന്ന പേരില്‍ വിശാലമായ ഒരു പൊതുകുളവും ഉണ്ടായിരുന്നു അതുകൊണ്ടായിരിക്കാം പഞ്ചായത്തിന് ആ പേര്‍ വന്നതെന്ന് കരുതപ്പെടുന്നു. ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായിരുന്ന ആത്മവിദ്യാ സംഘ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് വാഗ്ഭടാനന്ദ സ്വാമികള്‍ പല പ്രാവശ്യം ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. വിനോബഭാവെ, കെ.കേളപ്പന്‍, ജയപ്രകാശ് നാരായണന്‍ മുതലായ രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കന്മാര്‍ ഈ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വിനോബജിയുടെ ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ദാനമായി ലഭിച്ച ഭൂമിയിലാണ് ഇന്നത്തെ മൊകായിക്കല്‍ ഹരിജന്‍ കോളനിയും പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുശ്മശാനവും സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് കണ്ടോത്ത് അച്ചുതന്‍ കിടാവ്, കെ.ചാപ്പുണ്ണിനായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുനൂരിലും കാവിലുംപാറക്കല്‍ ഗംഗാധരന്‍, ഗോപാലന്‍കിടാവ് എന്നിവരുടെ നേതൃത്വത്തില്‍ എകരൂലിലും കള്ളുഷാപ്പുകള്‍ പിക്കറ്റ് ചെയ്തതും ഉണ്ണികുളം അംശക്കച്ചേരി കത്തിച്ചതും പഞ്ചായത്തിലെ മുഖ്യസ്വാതന്ത്ര്യസമര സംഭവങ്ങളാണ്. കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ സുമാര്‍ 4-ല്‍ ഒരു ഭാഗം നെല്ലും ബാക്കി ഭാഗങ്ങളില്‍ തെങ്ങ്, കവുങ്ങ് കുരുമുളക് മുതലായവയുമായിരുന്നു പാരമ്പര്യരീതിയില്‍ സമ്മിശ്രമായി കൃഷി ചെയ്തു പോന്നിരുന്നത്. ചാമ, മുത്താറി, ചേമ്പ്, ചേന മുതലായ ഇടവിളകളും ധാരാളമായി കൃഷി ചെയ്തിരുന്നു. 1920-30 കാലങ്ങളില്‍ യൂറോപ്യന്‍ കമ്പനിയായ പിയേര്‍ലസ്ളി കമ്പനിയും മറ്റും പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍പെട്ട പുനൂര്‍, കിനാലൂര്‍ എന്നീ സ്ഥലങ്ങളില്‍ ഭീമമായ തോതില്‍ റബ്ബര്‍ കൃഷി തുടങ്ങുകയുണ്ടായി. ഗ്രാമപഞ്ചായത്തിലെ ഉദ്ദേശം 60% പ്രദേശങ്ങളും കുന്നുകളാണ്. ഗ്രാമത്തിലെ മുഖ്യമായ കൃഷി തെങ്ങാണ്. നാടന്‍ തെങ്ങിനങ്ങളാണ് കൃഷിചെയ്തുവരുന്നത്. പഞ്ചായത്തില്‍ ഉടനീളം കൃഷിചെയ്തുവരുന്ന രണ്ടാമത്തെ മുഖ്യകൃഷിയാണ് കവുങ്ങ്. കര്‍ഷകഗ്രാമമായ ഈ പഞ്ചായത്തില്‍ കൃഷിയുടെ അവിഭാജ്യഘടകമായിരുന്നു ഒരു കാലത്ത് കാലിവളര്‍ത്തല്‍. ഏകദേശം അമ്പതില്‍ അധികം വണ്ടിക്കാളകളും 500 ജോഡി ഉഴവുകാളകളും പത്ത് ജോഡിക്കടുത്ത് ചക്ക് വലിക്കുന്ന കാളകളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു കുടിപ്പള്ളിക്കൂടങ്ങള്‍, എഴുത്തുപള്ളികളാക്കി മാറ്റുന്നതില്‍ ഉണ്ണികുളത്തെ ഇമ്പിച്ചിപണിക്കരെ പോലുള്ള വ്യക്തികളുടെ പങ്ക് എടുത്ത് പറയത്തക്കതാണ്. ഗുരുകുല സമ്പ്രദായത്തില്‍ സംസ്കൃത പഠനത്തിനു ശിവപുരം താഴത്തയില്‍ ചെറിപ്പേട്ടി വൈദ്യര്‍, പുതിയേടത്ത് കോമപ്പന്‍ മേനോക്കി എന്നിവര്‍ പ്രയത്നിക്കുകയുണ്ടായി. മുസ്ളീം നവോത്ഥാനത്തിന്റെ ഭാഗമായി 1920-കളില്‍ ഏറനാട്ടില്‍ നിന്നും ശിവപുരത്തെത്തിയ സെയ്താലി മുസ്ള്യാര്‍ മുസ്ളീം ജനവിഭാഗത്തിനിടയില്‍ വിദ്യാഭ്യാസ പ്രചാരണത്തിനു തുടക്കം കുറിച്ചു. 1968-ല്‍ സ്ഥാപിച്ച പുനൂര്‍ ഗവ ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂള്‍. പഞ്ചായത്തിലെ ഭൂരിഭാഗം സ്കൂളുകളും സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിക്കപ്പെട്ടവയാണ്. ഉണ്ണികുളം പഞ്ചായത്തില്‍ പുനൂരിലും എകരൂലിലുമായി രണ്ട് ആഴ്ച ചന്തകള്‍ മാത്രമേയുള്ളു. രണ്ട് ചന്തകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. അടുത്തകാലം വരെ പഞ്ചായത്തില്‍ കന്നുകാലി ചന്ത നടത്താറുണ്ടായിരുന്നു. ബാലുശ്ശേരി-താമരശ്ശേരി സ്റ്റേറ്റ് ഹൈവേ റോഡിന്റെ എട്ട് കിലോമീറ്ററോളം ഈ പഞ്ചായത്തില്‍ കൂടെ കടന്നു പോകുന്നു.

സാംസ്ക്കാരിക ചരിത്രം

സമ്പന്നമായൊരു സാംസ്കാരിക പൈതൃകമുള്ള ഗ്രാമമാണ് ഉണ്ണികുളം. പഴയമലബാറില്‍ കുറുമ്പ്രനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ ഗ്രാമത്തില്‍ താമ്രപത്രം ലഭിച്ച ഏതാനും സ്വാതന്ത്ര്യസമരസേനാനികള്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രശസ്ത വ്യക്തികളായിരുന്നു സംസ്കൃത പണ്ഡിതരായിരുന്ന ചെറിയപ്പോട്ടി വൈദ്യര്‍, കോമപ്പമോനോക്കി എന്നിവരും തെക്കെ കുട്ടുക്കില്‍ ഉസ്സയിന്‍ മുസ്ള്യാര്‍, തിരുനാവായ സെയ്താലിക്കുട്ടി മുസ്ള്യാര്‍, ശങ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരും. ദേശീയപ്രസ്ഥാനത്തോടനുബന്ധിച്ച് ചാതുര്‍വര്‍ണ്യസമ്പ്രദായത്തിനെതിരെ ശക്തമായി വളര്‍ന്നുവന്ന പ്രസ്ഥാനമാണ് ആത്മവിദ്യാസംഘം. നെയ്യങ്കണ്ടി രാരിച്ചക്കുട്ടി ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. മുടിയാട്ടം, തുടികളി, തോറ്റം, തെയ്യം, തിറ, ദഫ്മുട്ട്, പരിചമുട്ടുകളി, തുടികൊട്ട്, അഞ്ചടി, കോല്‍കളി എന്നിവ വിവിധ മതവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രധാന കലാരൂപങ്ങളായിരുന്നു. മുസ്ളീങ്ങള്‍ക്കിടയില്‍ പഴയകാലത്ത് സുന്നത്ത് കല്യാണം, കാതുകുത്ത് കല്യാണം തുടങ്ങിയ ആഘോഷങ്ങളും പിന്നോക്കജാതിക്കാര്‍ക്കിടയില്‍ തിരണ്ടുകല്യാണവും ഉണ്ടായിരുന്നു. മുസ്ളീം സ്ത്രീകള്‍ ചുവപ്പ്, കറുപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള തുണികള്‍ (കിണ്ടന്‍, കാച്ചി) ആണ് ധരിച്ചിരുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക രീതിയിലുള്ള കുപ്പായങ്ങളും ഉണ്ടായിരുന്നു. ഇത്തരം കുപ്പായങ്ങള്‍ ധരിക്കുന്ന മുസ്ളീം സ്ത്രീകളെ ഇന്നും ഗ്രാമത്തില്‍ കാണാം. മുസ്ളീം പുരുഷന്മാര്‍ തലമുണ്ഡനം ചെയ്യുകയും അരപ്പട്ട ധരിക്കുകയും സ്ത്രീകള്‍ അരഞ്ഞാണം, തുടര്, ചിറ്റ്, ചവിടി തുടങ്ങിയ ആഭരണങ്ങള്‍ അണിയുകയും ചെയ്തിരുന്നു. ഹരിജനങ്ങള്‍ക്കും മറ്റും ഇടയില്‍ മാറ് മറയ്ക്കുന്ന സമ്പ്രദായം പണ്ടില്ലായിരുന്നു. തോടയും കല്ലുമാലയുമായിരുന്നു ആഭരണങ്ങള്‍. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ മറക്കുടയും മുലക്കച്ചയും പ്രചാരത്തിലുണ്ടായിരുന്നു. ഹിന്ദു പുരുഷന്മാര്‍ കുടുമയും കാതില്‍ കടുക്കനും ധരിക്കുന്ന സ്വഭാവവും വിവാഹങ്ങളിലും ആഘോഷങ്ങളിലും സത്യക്കുട പിടിക്കുന്ന രീതിയും ഉണ്ടായിരുന്നു. തറവാട് മഹിമയനുസരിച്ചായിരുന്നു കുടയുടെ നിറങ്ങള്‍. വയലുകളില്‍ ഞാട്ടി നടുന്ന കര്‍ഷകസ്ത്രീകള്‍ ഈണത്തില്‍ വടക്കന്‍ പാട്ടുകള്‍ പാടുന്നതും കാളപൂട്ടുകാരുടെ വായ്ത്താരിയും ഇന്നത്തെ തലമുറക്ക് അന്യമായിരിക്കുന്നു. തെക്കേടത്ത് ക്ഷേത്രോത്സവം, കരുമല ക്ഷേത്രോത്സവം, ഗുരുശിക്കുളം ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ മറ്റു പ്രദേശങ്ങളിലുളളവരെപ്പോലും ഈ നാട്ടിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന നാടിന്റെ തനത് ആഘോഷങ്ങളാണ്. ഭൂദാന പ്രസ്ഥാനത്തിലും ഖാദിപ്രസ്ഥാനത്തിലും സജീവമായി പങ്കുവഹിച്ച കേളോത്ത് കൃഷ്ണന്‍, ആകാശവാണിയില്‍ ബാലലോകം അവതരിപ്പിച്ചിരുന്ന ബാലേട്ടനായിരുന്ന കരുമല ബാലകൃഷ്ണന്‍ നായര്‍, കരുമലബാങ്ക്, നന്മണ്ട ഹൈസ്കൂള്‍ എന്നിവയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.ബി. ശങ്കരന്‍ നമ്പൂതിരിപ്പാട്, സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച ശിവപുരം ദാമോദരന്‍ മാസ്റ്റര്‍, ദേശീയ ആയുര്‍വേദിക് ഫാര്‍മസി സ്ഥാപിച്ച എന്‍.പി.കോയാലി വൈദ്യര്‍, ധര്‍മ്മിഷ്ഠനും തോട്ടം ഉടമയുമായിരുന്ന ആര്‍.മരക്കാര്‍ ഹാജി, വിവിധ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പു കല്പിച്ചിരുന്ന അവേലത്ത് ഇമ്പിച്ചക്കോയ തങ്ങള്‍ (വലിയ തങ്ങള്‍), എകരൂല്‍ ചാത്തുനായര്‍, നാട്ടുവൈദ്യനും നടന്നുപോയി പരിശുദ്ധ ഹജ്ജ്കര്‍മ്മം നിര്‍വഹിച്ച വ്യക്തിയുമായിരുന്ന മങ്ങാട്ട് മമ്മി മുസ്ള്യാര്‍, ശിവപുരം പക്കര്‍ ഹാജി, കാളിയമ്പലത്ത് കണ്ടി ബീരാന്‍ കുട്ടി ഹാജി, എന്‍.കെ.കേശവാനന്ദന്‍, സംസ്കൃത പണ്ഡിതനായിരുന്ന ചെറിയപ്പോട്ടി വൈദ്യര്‍, ആപ്പാടന്‍ കണ്ടി അബൂബക്കര്‍ ഹാജി, പ്രശസ്ത നാടകനടനായ ഇ.പി.ഗംഗാധരന്‍ നായര്‍, ആര്‍.പി.അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ഈ ഗ്രാമത്തിലെ പ്രമുഖരായിരുന്നു.

0 comments: