കുടയില്‍ ജീവിതം തുന്നി ലയജ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കുടയില്‍ ജീവിതം തുന്നി ലയജ


താമരശ്ശേരി: ഒന്നരവയസ്സില്‍ അരയ്ക്കു കീഴ്‌പോട്ട് തളര്‍ന്നുപോയ ജീവിതമാണ് ലയജയുടേത്. ഇപ്പോള്‍ വയസ്സ് നാല്‍പ്പതായി. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും തണലിലുള്ള ജീവിതമായിരുന്നു ഇതുവരെ.

ചേര്‍ത്തുനിര്‍ത്തിയ തണലുകള്‍ ഇല്ലാതാവുമ്പോള്‍ തളര്‍ന്നതെങ്കിലും ‘സ്വന്തം കാലില്‍ നില്‍ക്കാനുള്ള’ കരുത്തുനേടിയേ പറ്റൂ. ആ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ കിടക്കപ്പായയിലിരുന്ന് ജീവിതം തുന്നിയെടുക്കുകയാണ് ഈ യുവതി. കാലുള്ളവര്‍ക്ക് ചൂടാന്‍ കുടകള്‍ തുന്നിക്കൂട്ടി…

തലയാട് ഇരുപ്പത്തഞ്ചാംമൈല്‍ പേര്യമലയില്‍ ലീലയുടെ മകളാണ് ലയജ. നാല് സെന്റ് സ്ഥലത്തെ കുഞ്ഞുവീട്ടിലാണ് ലയജയും അമ്മയും താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് ലീല കുടുംബം പോറ്റുന്നത്. ലയജയുടെ അച്ഛന്‍ 15 വര്‍ഷം മുമ്പ് മരിച്ചു. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ അമ്മയ്ക്ക് തണലാകാനാണ് ലയജയ്ക്ക് മോഹം.

ഇക്കഴിഞ്ഞ മഴക്കാലത്ത് ലയജ തുന്നിയെടുത്തത് 600 കുടകളാണ്. അങ്ങനെ സമ്പാദിച്ചത് ഇരുപതിനായിരത്തോളം രൂപ. അതില്‍നിന്ന് അമ്മയ്ക്ക് ഒരു സ്വര്‍ണമോതിരം വാങ്ങിനല്‍കി. വീട്ടിലെത്തുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു സോഫ വാങ്ങിയിട്ടു. ബാങ്കിലെ കടത്തില്‍ 5000 രൂപ അടച്ചും ലയജ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപിടിപ്പിച്ചു.

തൃശ്ശൂരില്‍നിന്നും എത്തുന്ന സാമഗ്രികള്‍കൊണ്ട് കുടതുന്നിയാല്‍ ലയജയ്ക്ക് കിട്ടുന്ന കൂലി ഒന്നിന് 40 രൂപയാണ്. കുടവിറ്റാല്‍ 20 രൂപ വേറെയും കിട്ടും. സ്‌കൂളുകള്‍, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ വഴിയാണ് ലയജയുടെ കുടകള്‍ വില്‍ക്കുന്നത്. 280 രൂപയാണ് ഒരു കുടയുടെ വില. താനുണ്ടാക്കുന്ന കുടകള്‍ ഗുണനിലവാരം കൂടിയതാണെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നുണ്ടെന്ന് ലയജ പറയുമ്പോള്‍ വാക്കുകളില്‍ തിളങ്ങുന്നത് പുതിയ പ്രതീക്ഷകള്‍.

കട്ടിപ്പാറ കല്ലുള്ളതോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ അലിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ലയജയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ കൂടെനില്‍ക്കുന്നു. അവരാണ് കുടനിര്‍മാണത്തില്‍ പരിശീലനം നല്‍കി ജീവിതമാര്‍ഗം തെളിയിച്ചത്. നിര്‍മാണസാമഗ്രികളെത്തിക്കുന്നതും കുടക്ക് വിപണി കണ്ടെത്തുന്നതും അലിവാണ്.

സെക്രട്ടറി ഷെരീഫ് പനക്കല്‍ പ്രോത്സാഹനവുമായി ഒപ്പം നിന്നു. ആറുമാസമായി ഇതില്‍ പ്രാവീണ്യം നേടിയിട്ട്. ഇപ്പോള്‍ ദിവസം 15 കുടവരെ ലയജ നിര്‍മിക്കും. റോഡില്‍നിന്നു വീടുവരെ ഓട്ടോറിക്ഷയെത്തുന്ന വഴിയുണ്ടെങ്കില്‍ ലയജ കുടയുമായി പുറംലോകത്തേക്ക് സഞ്ചരിക്കും. ഇപ്പോള്‍ കഷ്ടിച്ച് നടന്നുപോകാന്‍ മാത്രമുള്ള വഴിയേയുള്ളൂ. ഇതിനും പോംവഴിയുമായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണ് ലയജ.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar