ആദിത്യയ്ക്കും അജന്യയ്ക്കും സ്നേഹത്തണലിൽ ഗൃഹപ്രവേശം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ആദിത്യയ്ക്കും അജന്യയ്ക്കും സ്നേഹത്തണലിൽ ഗൃഹപ്രവേശം


താമരശ്ശേരി: ആദിത്യയ്ക്കും അനുജത്തി അജന്യയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതരായി കഴിയാം.  സഹപാഠികൾ നിർമിച്ചുനൽകിയ സ്നേഹത്തണലിൽ അവർ ഗൃഹപ്രവേശം നടത്തി.

  പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ആദിത്യ. ആദിത്യയ്ക്കും അജന്യയ്ക്കുമായി എകരൂൽ ഇരുമ്പോട്ടുപൊയിലിലാണ് സഹപാഠികളും അധ്യാപകരും ചേർന്ന് വീട് നിർമിച്ചത്. പൂനൂർ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ് അജന്യ. ഇവർക്ക് നിർമിച്ച വീടിന്റെ താക്കോൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പറശ്ശേരി കൈമാറി.

  സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികളാണ് വീട് നിർമാണത്തിന് നേതൃത്വം നൽകിയത്. പതിനൊന്ന് വർഷമായി നാലുസെന്റ് സ്ഥലത്ത് പോളിത്തീൻ ഷീറ്റിനുള്ളിൽ  കഴിഞ്ഞിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരിൽക്കണ്ടാണ് സഹപാഠികൾ സ്നേഹത്തണലൊരുക്കാനിറങ്ങിയത്. അച്ഛനും അമ്മയുമുൾപ്പെടെ നാലംഗ നിർധനകുടുംബമാണ് ആദിത്യയുടേത്.

  തനിക്ക് അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതയായി കഴിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ആദിത്യ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം കോഴിക്കോട് സബ് കളക്ടർ ആദിത്യയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പിന്നീട് സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ആദിത്യയുടെ വീട്ടിലെത്തി. 

   വിദ്യാർഥികളുടെ കഠിനാധ്വാനമാണ് മാസങ്ങൾക്കുള്ളിൽ പണിപൂർത്തിയാക്കാൻ വഴിയൊരുക്കിയതെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.സി. റിജുകുമാർ പറഞ്ഞു.
   ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.സി. റിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  കെ.പി. സക്കീന,  സി.പി. രമ, എ.പി. രാഘവൻ, തൊളോത്ത് മുഹമ്മദ്, എസ്. ശ്രീചിത്ത്, പി.ടി.എ. പ്രസിഡന്റ് നാസർ എസ്റ്റേറ്റ്മുക്ക്, പ്രിൻസിപ്പൽ റെന്നിജോർജ്, ഡെയ്‌സി സിറിയക് എന്നിവർ സംസാരിച്ചു

 

കടപ്പാട് : മാതൃഭൂമി 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar